By Muhammed Shafeekh
‘കടവത്തൂര്‍ ’ എന്ന നാടിനേക്കാള്‍ പ്രത്യേകതകള്‍ ഉളളവരാണ് കടവത്തൂരുകാര്‍. വ്യത്യസ്ഥ സ്വഭാവവിശേഷങ്ങളും സംഭാഷണശൈലിയും കടവത്തൂരുകാരെ വ്യത്യസ്ഥാരാക്കുന്നു എന്ന് പതിവുമട്ടില്‍ പറഞ്ഞാല്‍ അത്ഭുതമില്ല. കാരണം കടവത്തൂരുകാര്‍ കടവത്തൂരുകാര്‍ മാത്രമാണ്.
ലെഫ്റ്റ് റൈറ്റ്… ലെഫ്റ്റ് റൈറ്റ്…
കടവത്തൂര്‍ ; കടവുകളുടെ നാട്
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലാണ് കടവത്തൂര്‍ സ്ഥിതി ചെയ്യുന്നത്. കൊളവല്ലൂര്‍ ആണ് പോലീസ് സ്റ്റേഷന്‍ പരിധി. ലോക്കപ്പ് നിറയെ ബോംബ് ശേഖരമുളള സ്റ്റേഷന്‍. ദിനം തോറും റെയ്‍ഡ് നടത്തി ഇവിടെയുളള ബോംബ് ശേഖരം കുന്നുകൂടുന്ന വാര്‍ത്ത പത്രങ്ങളിലെ പതിവാണ്.
മുമ്പ് പെരിങ്ങളമായിരുന്നു നിയമസഭാ മണ്ഡലമെങ്കില്‍ ഇന്ന് അത് കൂത്തുപറമ്പായി മാറിയിരിക്കുന്നു. വര്‍ഷങ്ങളായി ഇവിടെ നിന്നു നിയമസഭയിലെത്തിയിരുന്ന ജനതാദളുകാരന്‍ എംഎല്‍എക്ക് ഇനിയുളള ഇലക്ഷന്‍ വെല്ലുവിളിയാകുമെന്ന് രാഷ്‍ട്രീയ വിവക്ഷ.
കടവുകളുടെ നാട്
കടവത്തൂര്‍ ശരിക്കും കടവുകളുടെ നാടാണ്. നാലുവശത്തും കടവുകളാല്‍ ചുറ്റപ്പെട്ട പ്രദേശം, ഏതെങ്കിലും ഭാഗം ഉപരോധിച്ചാലും കടവത്തൂരിലേക്ക് വരാന്‍ വഴികള്‍ പിന്നെയുമുണ്ട്. ഒരു ഭാഗത്ത് കടവത്തൂരിന്‍റെ തലസ്ഥാന നഗരി എന്നു വിളിക്കാവുന്ന ഇരഞ്ഞിന്‍ കീഴിലിന്‍റെ അതിര്‍ത്തിയില്‍ മയ്യഴിപ്പുഴയുടെ ഭാഗമായ കല്ലാച്ചേരിക്കടവ് വരുന്നു. മറ്റൊരിടത്താകട്ടെ കടവല്ലൂരില്‍ നിന്ന് തൊട്ടടുത്ത പട്ടണമായ തലശ്ശേരിയിലെത്താന്‍ യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന എലിത്തോട് പാലം വരുന്നു.
മഴക്കാലത്ത് എലിത്തോട് പാലം വെളളത്തില്‍ മുങ്ങിക്കഴിയുമ്പോള്‍ കടവത്തൂര്‍ തീര്‍ത്തും ഒറ്റപ്പെടുന്നു. കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന കടവത്തൂരുകാര്‍ ആ ദിവസങ്ങള്‍ വെളളത്തില്‍ നീന്തിത്തുടിച്ച് ഘോഷത്തോടെ കൊണ്ടാടുക പതിവാണ്.
കടവത്തൂരിലെ യുവാക്കളില്‍ ഭൂരിഭാഗവും ഗള്‍ഫിലായതിനാല്‍ വെളളപ്പൊക്കത്തിന്‍റെ രസകരമായ കാഴ്ച്ചകള്‍ ക്യാമറയില്‍ ഒപ്പി ഗള്‍ഫിലുളള ബന്ധുമിത്രാദികള്‍ക്ക് എത്തിച്ചു കൊടുക്കുന്നതാണ് ഇക്കാലത്ത് നാട്ടുകാരുടെ ഹോബി. റോഡില്‍ കൂടുതലും കുണ്ടും കുഴികളുമായതില്‍ ഞങ്ങള്‍ക്ക് പരാതിയൊന്നും കാര്യമായില്ല. മാത്രമല്ല അത് മഴക്കാലത്ത് ആഘോഷിക്കാനുളള ഉപാധികൂടിയാണ്. ഓരോ പ്രാവശ്യത്തേയും വെളളപ്പൊക്കത്തെക്കുറിച്ച് താരതമ്യ പഠനം നടത്തുന്നത് കടവത്തൂരുകാരുടെ മറ്റൊരു ശീലം.
പിന്നെയുളളത് മുണ്ടത്തോട് പാലമാണ് കടവത്തൂരിന്‍റെ മറ്റൊരതിര്‍ത്തി. ഈ പാലം കഴിഞ്ഞാല്‍ പാറക്കടവിലെത്താം (കോഴിക്കോട് ജില്ല). ഇനിയുളള പാലം ‘പാലത്തായി’ പാലമാണ്. ഈ പാലം കടവത്തൂരില്‍ നിന്ന് സ്ഥിരം സംഘര്‍ഷഭൂമിയായ എലാങ്കോട്, പാനൂര്‍ എന്നിവിടങ്ങളിലേക്കുളള യാത്രയുടെ ചവിട്ടുപടിയായി വര്‍ത്തിക്കുന്നു.
സമീപപ്രദേശങ്ങളെ അപേക്ഷിച്ച് അനുദിനം വികസിച്ചു വരുന്ന പ്രദേശം കൂടിയാണ് കടവത്തൂര്‍. മട്ടിലും ഭാവത്തിലും രൂപത്തിലും കടവത്തൂര്‍ പുതുമ തേടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കടവത്തൂര്‍ വികസനത്തിന്‍റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നു എന്നതിന് ഇവിടുത്തെ കെട്ടിടങ്ങളും പുതുതായി ഉയര്‍ന്നു വരുന്ന വ്യവസായ സ്ഥാപനങ്ങളും തെളിവാണ്.
കടവത്തൂരിന്‍റെ തലസ്ഥാനം
കടവത്തൂരിന്‍റെ തലസ്ഥാന നഗരി എന്ന പദവി ഇരഞ്ഞിന്‍കീഴിലിന് അവകാശപ്പെട്ടതാണ്. കാരണം കടവത്തൂരിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസകേന്ദ്രങ്ങളായ വെസ്റ്റ് യുപി സ്ക്കൂള്‍, വിവിയുപി സ്കൂള്‍, എന്‍ ഐ എ അറബിക്ക് കോളേജ് എന്നിവയും പ്രശസ്തമായ കുറൂളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രവും കടവത്തൂര്‍ പളളിയുമെല്ലാം വരുന്നത് ഇവിടെയാണ്. ഒരു സാംസ്ക്കാരിക തലസ്ഥാനം എന്നു പറയാവുന്ന ഇടം. ഇവിടെ തന്നെയാണ് കടവത്തൂരിലെ പ്രകൃതി രമണീയതയുടെ സൗന്ദര്യമുള്‍ക്കൊളളുന്ന മണക്കോട്ടു മൂലയും.
മണക്കോട്ടു മൂല
മണക്കോട്ടു മൂല ശരിക്കും ഒരു ഉപദ്വീപാണ്. മൂന്നുഭാഗവും പുഴയാല്‍ മൂടിയ ഒരു പ്രകൃതിരമണീയ തുരുത്ത്. കശുമാവുകളാല്‍ നിറഞ്ഞ ഈ തുരുത്തിലേക്കുളള യാത്രയും ഏറെ ആസ്വാദ്യകരമാണ്. കടവത്തൂരില്‍ ആരുടെയെങ്കിലും കല്യാണം കഴിഞ്ഞാല്‍ ഉടന്‍തന്നെ ചെക്കനും പെണ്ണും ഇവിടെ വരും. കല്യാണ ആല്‍ബത്തിനു ഫോട്ടോയെടുക്കാനും, പിന്നെ ഈ സൗന്ദര്യ ലഹരിയില്‍ അലിയാനും.
മണക്കോട്ട് മൂല മീന്‍പിടുത്തം ഹോബിയാക്കിയവരുടെ കേന്ദ്രം കൂടിയാണ്. രാത്രിയാവട്ടെ പകലാവട്ടെ ഇവിടെ മീന്‍ പിടിക്കാന്‍ വരുന്നവരുടെ ഒരു കൂട്ടം തന്നെയുണ്ടാവും. രാത്രികാലങ്ങളില്‍ മെഴുകുതിരി വെട്ടത്തില്‍ കോഴിപാട്സും മത്തിതലയുമെല്ലാം കോര്‍ത്ത് നാട്ടുകാര്‍ മൂലയുടെ വിവിധയിടങ്ങളില്‍ ഇരിക്കും. അവരുടെ ചൂണ്ടകളില്‍ ചെമ്പല്ലിയും കണ്ണിക്കനും ഏട്ടയും ഞണ്ടും കുരുങ്ങും… ഈ മീന്‍പിടുത്തം വില്‍പനയ്ക്കുവേണ്ടിയല്ല, എല്ലാം തികച്ചും സ്വകാര്യം.
പകലുകളില്‍ പയ്യത്തി, ഇരിമീന്‍, കടുവ എന്നിവയാണ് ചൂണ്ടയില്‍ കുരുങ്ങാറുളള പ്രധാന മീനുകള്‍. ഇതില്‍ ഇരിമീനെ (കരിമീനെന്ന് മറുനാട്ടുകാര്‍ വിളിക്കും) പിടിക്കാന്‍ നാട്ടുകാര്‍ ചൂണ്ടയില്‍ കൊരുക്കുന്നത് എന്തൊക്കെയാണെന്നോ? ഹലുവ, കിണ്ണത്തപ്പം, കിഴങ്ങ്, മൈദ, ചോറ്, കശുമാങ്ങ… അങ്ങനെ പോകുന്നു ആ ലിസ്റ്റ്.
മീനിനിട്ടുകൊടുക്കുന്ന തീറ്റകളില്‍ ഏറ്റവും പുതുതായി കണ്ടുപിടിക്കപ്പെട്ടത് ഹല്‍വയും കിണ്ണത്തപ്പവുമാണ്. കടവത്തൂരിലെ മീന്‍പിടുത്തക്കാര്‍ സ്ഥലത്തെ ബേക്കറികളില്‍ ചെന്ന് വൈകുന്നേരങ്ങളില്‍ ഓര്‍ഡര്‍ കൊടുക്കും 50 ഗ്രാം കിണ്ണത്തപ്പം, 50 ഗ്രാം ഹല്‍വ. രാത്രി കറിക്കുളള ഇരിമീനുമായി തിരിച്ച് വീട്ടിലേക്ക് പോരുകയും ചെയ്യും.
മനേത്ത് വയലാണ് കടവത്തൂരിലെ പ്രധാന കളിയിടം. ഇവിടെ ക്രിക്കറ്റ് കളിക്കാത്ത കുട്ടികള്‍ കടവത്തൂരിലില്ല. ചിലപ്പോള്‍ ഈ വയലില്‍ സര്‍ക്കസും മാജിക്കുമൊക്കെ വരാറുണ്ട്. കുറൂളിക്കാവിലെ തിറ മഹോത്സവത്തിന് കാവ് തൊട്ട് മാനേത്ത് വയലുവരെ ട്യൂബ് ലൈറ്റുകള്‍ നിറയും. പിറ്റേന്നത്തെ അന്നദാനത്തിനു മുന്നോടിയായി വെളിച്ചം കൊണ്ടൊരു സദ്യ.
പിരിയുന്നതിനു മുമ്പ് കടവത്തൂരിന്‍റെ ഹൃദയം കീഴടക്കിയ ചില ഐറ്റങ്ങളെ കൂടി പരിചയപ്പെടുത്താം…
പ്രധാന ബേക്കറികള്‍ : കീര്‍ത്തി, ആരതി (രണ്ടിടത്തും പലബിസ്ക്കറ്റ് എന്ന പ്രത്യേക തരം വിഭവം കിട്ടും)
പ്രധാന ക്രിക്കറ്റ് ടീമുകള്‍ : പുഞ്ചിരി, ബിസ്മി
പ്രധാന ഡോക്ടര്‍മാര്‍ : മുഹമ്മദ്, ഇസ്ഹാഖ്
പ്രധാന ലൈബ്രറി: ഐഡിയല്‍
പ്രധാന സ്റ്റേഷനറി കടകള്‍ : ജ്യോതി, കനക, ചന്ദ്രന്‍റെ പീടിക, ഭാസ്ക്കരന്‍റെ പീടിക
ആരാധനാലയങ്ങള്‍ : കടവത്തൂര്‍ പളളി, മസിജിദുല്‍ അന്‍സാര്‍, ശ്രീ കുറൂളിക്കാവ് ഭഗവതിക്ഷേത്രം.
എന്താ ഇനി ഈ കടവും കടന്ന് കടവത്തൂരിലേക്കു വരുന്നോ…?
1 അഭിപ്രായം:
ee kadavum kadannu nannayi..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ